16.1.11

ഉത്തരീയങ്ങള്‍

വേലായുധന് ഭ്രാന്ത്‌ പിടിച്ചു...!
ആദ്യം പറഞ്ഞത് കുഞ്ഞീലിയാണ്.
വാര്‍ത്ത‍ നാടിന്റെ മുക്കിലും മൂലയിലും അതിവേഗം പ്രചരിച്ചു. അല്ലങ്കിലും ഇത്തരം വാര്‍ത്തകള്‍ക്കു പ്രചാരം കിട്ടാന്‍ നമ്മുടെ നാട്ടില്‍ അധികം സമയം വേണ്ടല്ലോ !.
കേട്ടവരെല്ലാം അത്ഭുതം കൊണ്ട് കണ്ണ് മിഴിച്ചു.ചിലര്‍ മൂക്കത്ത് വിരല്‍ വെച്ച് അത്ഭുതം പ്രകടിപ്പിച്ചു. എങ്കിലും ചിലര് ചോദിച്ചു "ഏതു വേലായുധന്‍ ..?"
നമ്മുടെ പാണ്ടന്‍ വേലായുധനേ...
സത്യത്തില്‍ ഇനിയൊരു വിശദീകരണത്തിന്റെ ആവശ്യമില്ല. കാരണം പാണ്ടന്‍ വേലായുധന്‍ നാട്ടില്‍ ഒന്നേയുള്ളൂ...
അല്ല ലോകത്തൊന്നേയുള്ളൂ. എന്തായാലും പാണ്ടന്‍ വേലായുധന്‍ പ്രാന്തന്‍ വേലായുധനായെന്നു പെട്ടന്നൊന്നും വിശ്വസിക്കാന്‍ ചിലരെങ്കിലും കൂട്ടാക്കിയില്ല. അതിലധികവും ചെറുപ്പക്കാരായിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ ഗ്രാമത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ ചെറു സംഘങ്ങളായി വേലായുധന്റെ വീട് ലക്ഷ്യമാക്കി നടന്നു. ചെറിയ സംഘങ്ങളായാണ് യാത്ര തുടങ്ങിയതെങ്കിലും, ഓരോ സംഘവും വലിയൊരു ജനക്കൂട്ടമായി മാറിക്കൊണ്ടിരുന്നു. കുഞീലി വലിയ വായില്‍ നിലവിളിക്കുകയാണ്. കരച്ചില്‍ കേട്ടാല്‍ തോന്നും അവളുടെ തിയ്യന്‍ മരിച്ചുപോയെന്ന്.
"ഇങ്ങനെ കരയാന്‍ മാത്രം എന്താ ഉണ്ടായത് ?".
ശബ്ദം കൂട്ടിയുള്ള കരച്ചിലായിരുന്നു മറുപടി. വേലായുധന്റെ വീടിന്റെ മുറ്റം ജനങ്ങളെക്കൊണ്ട്  തിങ്ങി നിറഞ്ഞു.
"ഒരാള്‍ക്ക്‌ ഭ്രാന്ത് വന്നൂന്നറിഞ്ഞാല്‍ ഇത്രേം വലിയ ജനക്കൂട്ടം ഉണ്ടാക്വോ ..!"
നൂറ്റിയൊന്ന് തികഞ്ഞ നാണി മുത്തീടെ ഓര്‍മ്മേല്‍ പോലും ഇങ്ങനെയൊരു സംഭവം ആദ്യമാണ്. പക്ഷെ ഇതൊരു സാധാരണ ഭ്രാന്തല്ല. അത്കൊണ്ടാണ് കേട്ടവരൊക്കെ ഓടി വരുന്നതും, വന്നവരൊന്നും തിരിച്ചു പോകാത്തതും. കുഞ്ഞീലി, അതായത് വേലായുധന്റെ സഹധര്‍മ്മിണി ഇങ്ങനെ വാവിട്ടു കരയാന്‍ തുടങ്ങുന്നതിനു മുന്‍പ് പറഞ്ഞ കാര്യങ്ങളെ എല്ലാവര്ക്കും അറിവുള്ളൂ.കരയാന്‍ തുടങ്ങിയതില്‍ പിന്നെ ഒന്നും പറയാന്‍ കഴിഞ്ഞിട്ടില്ല, അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ അതാര്‍ക്കും മനസ്സിലായിട്ടുമില്ല. കാര്യമിതാണ് ,
"വേലായുധന്‍ കുറച്ചു ദിവസമായി, കൃത്യമായി പറഞ്ഞാല്‍ ഒരാഴ്ചയായി സംസാരിക്കുന്നു."
"സംസാരിക്കുന്നത് ഭ്രാന്താണോ, അല്ലങ്കില്‍ വേലായുധന്‍ ചെറുപ്പത്തിലെ സംസാരിക്കില്ലേ."
"ഇതങ്ങനെയല്ല! . വേലായുധന്‍ സംസാരിക്കുന്നത് മനുഷ്യരോടെ അല്ല."
"പിന്നെ ?"
"തുണികളോട് . വേലായുധന്‍ ഇപ്പോള്‍ തുണികളോട് മാത്രമേ സംസാരിക്കാറുള്ളൂ. അതും പഴം തുണികളോട്. ഭാര്യയുണ്ടെന്നോ മക്കളുണ്ടെന്നോ ഒന്നും ഓരോര്മയില്ല. മാത്രമല്ല തുണികള്‍ തന്നോട് പലതും പറയുന്നുണ്ടെന്നാണ് വേലായുധന്റെ ഭാവം.
"അപ്പം സംഗതി പെശകാണ് ,
വെറും പെശകൊന്നുമല്ല... മഹാ പെശക്....
പഴയ തുണികളൊന്നും വെറും തുണികള്‍ അല്ല. അവയെല്ലാം ഉത്തരീയങ്ങളാണത്രേ..!
ഉത്തരീയങ്ങള്‍...
പുരാണ-ഇതിഹാസങ്ങളിലെയും ചരിത്രത്തിലെയും മഹാരഥന്‍മാര്‍ ദേഹത്ത് അണിഞ്ഞ, കാലത്തിന്റെ വിസ്മൃതിയിലെവിടെയോ മറഞ്ഞുപോയ ഉത്തരീയങ്ങള്‍. പിതാവിന്റെ വാക്ക് പാലിക്കാന്‍ രാജ്യമുപേക്ഷിച്ചു വനവാസത്തിനു പോയ ശ്രീരാമനും, ലങ്കാധിപനായ രാവണനും, ക്രൂരനായ കംസനും, ബലവാനായ ബലരാമനും മുതല്‍ അക്ബര്‍ ചക്രവര്ത്തിയും ബാബറും ടിപ്പു സുല്‍ത്താനും അങ്ങിനെ എമ്പാടും വരുന്ന മഹാരഥന്‍മാരുടെ കിടപ്പറയിലും രഹസ്യ യോഗങ്ങളിലും രഹസ്യ സങ്കേതങ്ങളിലും വരെ സ്വചന്ദമായി വിഹരിച്ച ഉത്തരീയങ്ങള്‍. ഊണിലും ഉറക്കത്തിലും അവരെ അനുഗമിച്ച ഉത്തരീയങ്ങള്‍... ഇവയാണ്  വേലായുധനോട്  സംസാരിക്കുന്നത് . അടിത്തറയുള്ള പല വിശ്വാസങ്ങളും വേലായുധന്‍ തിരുത്തിപ്പറയുന്നു. കാലാകാലങ്ങളായി മനുഷ്യന്‍ ആചരിച്ചു വരുന്ന പ്രമാണങ്ങളെ വേലായുധന്‍ തള്ളിപ്പറയുന്നു. പലരുടെയും സ്വകാര്യ നിമിഷങ്ങള്‍ അറിയുന്ന ഉത്തരീയങ്ങളാനത്രേ വേലായുധനീ പുത്തനറിവുകള്‍ നല്‍കുന്നത്. വേലായുധന്‍ പറഞ്ഞത് മുഴുവന്‍ ഇവിടെ പറയുകയാണെങ്കില്‍... ഈശ്വരാ ഒരു നാട് മുഴുവന്‍ കത്തിയെരിയാന്‍ അത് മതി. നമ്മള്‍ മനസ്സിലിട്ടു ആരാധിക്കുന്ന മഹാത്മാക്കളുടെ മനസ്സിലിരിപ്പ്... അവരുടെ ആത്മഗതങ്ങള്‍...അവരുടെ സ്വകാര്യ നിമിഷങ്ങള്‍... ഇവയെല്ലാം വേലായുധന്‍ വെട്ടിത്തുറന്നു പറയുകയാണ്‌. കുരുക്ഷേത്ര യുദ്ധവും ശ്രീരാമന്റെ വനവാസവും തുടങ്ങി ഇന്ത്യന്‍ സ്വാതന്ത്ര്യസമരം വരെയുള്ള സംഭവങ്ങളില്‍ നാം വച്ച് പുലര്‍ത്തിപ്പോന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന പ്രസ്താവകളാണ്  വേലായുധന്‍ വിളിച്ചു പറയുന്നത്. ഇതെല്ലാം വേലായുധനറിയുന്നത്  ഇവ നേരിട്ടറിയാവുന്ന ഉത്തരീയങ്ങള്‍ പറഞ്ഞിട്ടാണ് പോലും. സത്യത്തില്‍ വേലായുധന് ഭ്രാന്താണ്  അല്ലെങ്കില്‍ ഇത്തരം വെളിപാടുകള്‍ മുന്നും പിന്നും നോക്കാതെ വിളിച്ചു പറയ്യോ ! മുറ്റത്ത് കൂടിയിരിക്കുന്ന ജനകൂട്ടം ഇപ്പോള്‍ തന്നെ ചേരി തിരിഞ്ഞു സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.വേലായുധന്‍ പലരെയും മനപൂര്‍വ്വം നിന്ദിക്കുകയാണെന്നും , അതല്ല വേലായുധന്‍ പറയുന്നതാണ് ശരി ഇവരെല്ലാം നിന്ദിക്കപ്പെടേണ്ടവരാണെന്നുമുള്ള വാദം മുറ്റത്ത്  മുറുകി വരുന്നു. കുഞ്ഞീലി  കരച്ചില്‍ നിര്‍ത്തി മുറ്റത്തേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങി. വേലായുധന്‍ ഇതൊന്നും ശ്രദ്ധിക്കാതെ പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ക്ക്  തിരി കൊളുത്തികൊണ്ടേയിരുന്നു.കുഞ്ഞീലി നോക്കി നില്‍ക്കെ മുറ്റം ഒരു യുദ്ധക്കളമായിത്തീരുകയാണ്.
"പാണ്ടന്‍ വേലായുധന് ഭ്രാന്തു പിടിച്ചു."
ഇപ്പോള്‍ അതൊരു വാര്‍ത്തയേ അല്ല. കാരണം പാണ്ടന്‍  വേലായുധനൊഴികെ മറ്റെല്ലാവര്‍ക്കും ഭ്രാന്ത് പിടിച്ചു.
"ശരിയാ വേലായുധനൊഴികെ മറ്റെല്ലാവര്‍ക്കും ഭ്രാന്ത് പിടിച്ചു".
ഇതും ആദ്യം പറഞ്ഞത് കുഞ്ഞീലി തന്നെ.
"വേലായുധനെ ഇവിടുന്നു മാറ്റണം ഒന്നുകില്‍ ഭ്രാന്തിനു ചികില്‍സിക്കുന്ന ഒരു ഭ്രാന്താലയത്തിലെയ്ക്ക്, അല്ലങ്കില്‍ ഭ്രാന്തുള്ളവര്‍ എമ്പാടുമുള്ള ഈ ഭ്രാന്താലയത്തില്‍ നിന്നും". അപ്പോഴും ഇതൊന്നും കേള്‍ക്കാതെ, ഇതൊന്നും കാണാതെ വേലായുധന്‍ പുതിയ വെളിപാടുകള്‍ക്ക് തിരി കൊളുത്തികൊണ്ടേയിരുന്നു.

4.1.11

ശമ്പള വര്‍ധനവിന്റെ മഷിയുണങ്ങും മുമ്പേ

പുതുവഷ ദിനത്തില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ച വാര്‍ത്തയായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധന .
ഇത് സര്‍ക്കാര്‍ ജീവനക്കാരും അല്ലാത്തവരുമായ ഒരു പാടുപേര്‍ ഇരു  കയ്യും നീട്ടി സ്വീകരിച്ചു.
സര്‍ക്കാര്‍  ശമ്പളം വാങ്ങുന്നവര്‍ക്ക്  വേണ്ടി, സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരാല്‍ നിയോഗിക്കപ്പെട്ട , സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന കമ്മീഷന്‍
തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ പൂര്‍ണമായി അംഗീകരിച്ചു.  അത്രയേ ഉള്ളൂ.
മൂന്ന് കോടി ജനങ്ങളില്‍ വെറും അഞ്ചു ലക്ഷം പേരാണ് സര്‍ക്കാര്‍ ജീവനക്കാര്‍.
സര്‍ക്കാര്‍ ജോലി  മാത്രമാണ് സുരക്ഷിത കേന്ദ്രം എന്ന കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ് ഈ തീരുമാനം .
ഇതൊന്നു കൊണ്ട് മാത്രമാണ് , മറ്റൊരു ജോലിയ്ക്ക് യോഗ്യത ഉണ്ടായിട്ടും അതിനൊന്നും ശ്രമിക്കാതെ ഭീമമായ തുക കൈകൂലി കൊടുത്തു
എങ്ങനെയെങ്കിലും സര്‍ക്കാര്‍ ജോലി തരപ്പെടുത്താന്‍ പല യുവാക്കളും ശ്രമിക്കുന്നതും , നിയമന തട്ടിപ്പുകള്‍ ഉണ്ടാകുന്നതും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടണ്ട എന്നെനിക്കു അഭിപ്രായമില്ല , പക്ഷേ മറ്റുള്ള മഹാ ഭൂരിപക്ഷം പേരും എങ്ങിനെ കഴിയുന്നു എന്നും
നമ്മളൊന്ന് കാണണം. ഇല്ലെങ്കില്‍ ഇത് ഒരു തെരഞ്ഞെടുപ്പു ഗുണ്ടാണെന്ന് ഞങ്ങള്‍ സംശയിക്കും.
സര്‍ക്കാരിന്റെ മൊത്തം വരുമാനത്തില്‍ 90 ശതമാനവും ചിലവഴിക്കുന്നത് , ഇവരുടെയൊക്കെ ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണത്രേ !
ഒരു വാല്‍ കഷ്ണം : ഇനി ഒരു സര്‍ക്കരോഫിസില്‍ ഈ ദരിദ്ര നാരായണന്‍മാര്‍ക്കെങ്ങാനും പോകേണ്ടി വന്നാലോ ....
തലയിലെ കെട്ടഴിച്ചു കക്ഷത്തില്‍ വെച്ച്  ഒചാനിച്ചു നില്‍ക്കണം , ഇല്ലെങ്കില്‍ ഒരു വഴിയുണ്ട് ..
അതിനെ കൈക്കൂലി എന്നോ കോഴ എന്നോ .... എനിക്ക് വയ്യ   നിങ്ങലെന്തെകിലും വിളി...
ഇതും പുതുവര്‍ഷ വിശേഷം തന്നെ.....4 /1 / 2011 ഗള്‍ഫ്  മാധ്യമം