30.12.10

സര്‍ അതെന്റെ അമ്മയാ...

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു ദിവസം ഈയുള്ളവനും നാട്ടിലുണ്ടായിരുന്നു
പോളിംഗ് ബൂത്ത്‌ വീട്ടിനു മുന്നിലാണെങ്കിലും വോട്ട് ചെയ്യേണ്ടി വന്നില്ല.
പ്രവാസിയല്ലെ... 
പ്രവാസിയെന്നാല്‍ പുറത്താപ്പെട്ടവന്‍ എന്ന് കൂടി അര്‍ത്ഥമുണ്ട്.
എന്റെ വീട്ടുമുറ്റത്ത് കൂടി പോയാല്‍ പോളിംഗ് ബൂത്തില്‍ എളുപ്പം എത്താം എന്നുള്ളതുകൊണ്ട്
പാര്‍ട്ടി ഭേദമന്യേ വോട്ടര്‍മാര്‍ ഒരു ചിരിയും സമ്മാനിച്ച്‌ കടന്നു പൊയ്ക്കൊണ്ടിരുന്നു.
ശ്ശോ.. ഞാന്‍ പറയാന്‍ വന്ന കാര്യം ഇതല്ല കേട്ടോ.

അന്ന് വൈകുന്നേരം സുഹൃത്ക്കളോട് ഒപ്പം തെരഞ്ഞെടുപ്പു വിശേഷം പങ്കു വെയ്ക്കുമ്പോഴാണ് തെരഞ്ഞെടുപ്പു ഡൂട്ടി
കഴിഞ്ഞു വരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കണ്ടത്.അയാളെ തല്‍ക്കാലം നമുക്ക് മാഷ്‌ എന്ന് വിളിക്കാം.
മാഷ്‌ പറഞ്ഞ കഥയാണ്‌ ഇത്.
മാഷ്  ഡ്യൂട്ടി ക്കുണ്ടായിരുന്ന പോളിംഗ് ബൂത്തില്‍ പതിവ് സമയത്ത് തന്നെ പോളിംഗ് തുടങ്ങി. ഒരാള്‍ക്ക്‌ മൂന്നു വോട്ട് ചെയ്യാനുള്ളത് കൊണ്ട്
വളരെ പതുക്കെയാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നത് . ബൂത്തില്‍ നമ്മുടെ മാഷെ കൂടാതെ ഒരു പ്രിസൈഡിംഗ് ഓഫീസറും മറ്റു രണ്ടു ഉദ്യോഗസ്ഥരും ഉണ്ട്.
കൂടാതെ പ്രമുഖ പാര്‍ടികളുടെ ബൂത്ത്‌ എജന്റ്റ് മാരും.

ഏതാണ്ട് ഒമ്പതര മണിയ്ക്ക് ശേഷം ഒരു വൃദ്ധയായ സ്ത്രീ വന്നു.
അവരുടെ കയ്യിലെ സ്ലിപ്പ് നോക്കി
ഒരു ഉദ്യോഗസ്ഥന്‍ "386  വയല്‍ക്കര മാധവി അമ്മ "
എന്ന് പതിവ് പോലെ വിളിച്ചു പറഞ്ഞു.

പെട്ടെന്ന് എന്തോ അബദ്ധം പറ്റിയതായി അയാള്‍ക്ക്‌ തോന്നി.
ബൂത്ത്‌ എജന്റ്മാര്‍ ഉള്‍പ്പെടെ എല്ലാവരും തങ്ങളുടെ കയ്യിലുള്ള
വോട്ടേഴ്സ് ലിസ്റ്റ് നോക്കുന്നു .മാധവി അമ്മ വോട്ട് ചെയ്തതാണല്ലോ
ശരിയാണ് കുറച്ചു മുമ്പേ വോട്ട് ചെയ്തു പോയതാണ്.
താന്‍ വോട്ടു ചെയ്തിട്ടില്ലെന്ന് മാധവി അമ്മ തറപ്പിച്ചു പറയുന്നു .

പ്രിസൈഡിംഗ് ഓഫീസര്‍ അവരുടെ ചൂണ്ടു വിരല്‍ പരിശോധിച്ചു.
അവര്‍ പറയുന്നത് സത്യമാണ് .അവര് വോട്ട് ചെയ്തിട്ടില്ല .
പക്ഷെ അവരുടെ വോട്ടു ഇവിടെ ചെയ്തിട്ടുമുണ്ട് .
മാഷിന് ഉള്‍പ്പെടെ ചിലര്‍ക്ക് കാര്യം പിടികിട്ടി
ആ പാവത്തിന്റെ വോട്ട് മറ്റാരോ ചെയ്തിരിക്കുന്നു.
 
ഇതിനിടയില്‍ നമ്മുടെ മാഷുടെ തൊട്ടു പിന്നിലിരിക്കുന്ന
ഒരു ബൂത്ത്‌ എജന്റ്റ്  എഴുന്നേറ്റു നിന്ന് പ്രിസൈഡിംഗ് ഓഫീസറോട്
സര്‍ അതെന്റെ അമ്മയാ.അമ്മ ഇപ്പഴാ വോട്ട് ചെയ്യാന്‍ വരുന്നത്.
ഒരു നിമിഷം എല്ലാവരും അയാളെ ഒന്ന് നോക്കി.
ഒരു പ്രധാന പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകനാണ് കക്ഷി.
 
പിന്നീട് അവിടെ ഒരു കൂട്ടച്ചിരിയാണ് ഉയര്‍ന്നത്.
അതില്‍ മാഷ് അടക്കമുള്ള ഉദ്യോഗസ്ഥരും വോട്ടു ചെയ്യാന്‍ വരിയില്‍
നിന്നവരും ബഹളം കേട്ട് ജനലിനടുത്ത് എത്തിയവരും എല്ലാം ഉള്‍പ്പെടും.
എന്തിനേറെ അയാളോടൊപ്പം ഇരിക്കുന്ന സ്വന്തം പാര്‍ടിക്കാരന്‍ പോലും സ്വയം മറന്നു ചിരിക്കുകയായിരുന്നു
 
(ആരെങ്കിലും കള്ളവോട്ട് ചെയ്യാന്‍ എത്തുന്നുണ്ടോ എന്നറിയാനാണ്
ആ വാര്‍ഡിലെ വോട്ടെര്‍മാരെ പരിചയമുള്ള ഒരാളെ  പാര്‍ടിക്കാര്
ബൂത്ത്‌ എജന്റ്റ് ആക്കി ബൂത്തിനുള്ളില്‍  നിര്‍ത്തുന്നത്.
സ്വന്തം അമ്മയുടെ പേരില്‍ ആരോ വന്നു വോട്ടു ചെയ്തപ്പോള്‍
വോട്ടേഴ്സ്  ലിസ്റ്റില്‍ അതും ടിക്ക് ചെയ്തിരിക്കുന്ന ഇയാളെ നോക്കി
ചിരിക്കുകയല്ലാതെ എന്ത് ചെയ്യാന്‍...)
 

27.12.10

ആമുഖം

പ്രവാസം പറിച്ചു നടലല്ല...
ഒരു  പറിച്ചെറിയലാണ്...
ചിലതെല്ലാം വേര് പിടിച്ചു മഹാവൃക്ഷങ്ങളാവും
മറ്റു ചിലത് ഇലകളെല്ലാം കൊഴിഞ്ഞു ഉണങ്ങി, ശുഷ്കിച്ചു ...
അതാണ്‌ അനുഭവം,  അന്നും ഇന്നും എന്നും...
എത്ര വലിയ കൂട്ടായ്മ ഉണ്ടായാലും
നഷ്ടപ്പെട്ടതിനോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനോ പകരം വയ്ക്കാനാകില്ല...

ബ്ലോഗര്‍ ചേട്ടന്മാരേ... കുഞ്ഞനിയന്മാരെ...
നിങ്ങളുടെ ലോകത്തേയ്ക്ക് ഈയുള്ളവന്റെ ആദ്യത്തെ കാല്‍വെപ്പ്‌ .

മനസ്സില്‍ തോന്നുന്നത് എന്തുമാകട്ടെ അത് കോറിയിടാന്‍ ഒരു ഡയറി .
അത്രയേ ഉദ്യേശിക്കുന്നുള്ളൂ...
തലച്ചോറിനു തീ പിടിക്കുമ്പോള്‍ ഒന്ന്  ആക്രോശിക്കുവാന്‍,
സ്നേഹം നിറഞ്ഞ കവിയുമ്പോള്‍ ഒന്നൊഴിച്ച് വയ്ക്കാന്‍,
സങ്കടം വരുമ്പോള്‍ ഒരു തുള്ളി കണ്ണ് നീരിനും
ഒരിടം.

നിരക്ഷരനിലൂടെ സഞ്ചരിച്ചപ്പോഴാണ് സ്വന്തമായി ഒരു ബ്ലോഗ്‌ എന്ന ആശയം ഉദിച്ചത് ...
ഇന്ദ്രധനുസ്സിലും ആദ്യാക്ഷരിയിലും രണ്ടു മൂന്നു തവണ പ്രദക്ഷിണം വെച്ചു.
ഇവ രണ്ടും ഇപ്പോഴും റഫറന്‍സ് ഗ്രന്ഥം തന്നെ.

എന്നെക്കുറിച്ച്

എന്റെ പേര് ഉമേഷ്‌ കുമാര്‍,
കോഴിക്കോട്  ജില്ലയിലെ തിക്കോടിക്കാരന്‍.
ഇപ്പോള്‍ ഷാര്‍ജയില്‍ ഒരു ഓയില്‍ കമ്പനിയില്‍ കണക്കപ്പിള്ള.

തൊഴില്‍  ദാദാവിനോട്  ഉടക്കിയിട്ടാനെങ്കിലും വര്‍ഷാവര്‍ഷം നാട്ടില്‍ പോകും.

മലയാളഭാഷയോട് പ്രണയം.
ഭാവനയിലും സാഹിത്യത്തിലും അജ്ഞന്‍.
മുന്കോപത്തില്‍ പ്രഥമന്‍.

കല്ലായാലും, ആറ്റം ആയാലും, ആധുനിക സാങ്കേതിക വിദ്യയായാലും
ദുരുപയോഗം ചെയ്യുന്നവരോടെ എന്നും  അതൃപ് തന്‍

നന്മയുടെ തിരിവെട്ടം ഇപ്പഴും അണഞ്ഞു പോയിട്ടില്ലെന്ന്  വിശ്വസിക്കുന്ന ഒരു പാമരന്‍...

26.12.10

കലപ്പ

ഈ ആയുധം ഇപ്പോള്‍ അനിവാര്യമാണെന്ന തോന്നലില്‍ നിന്നാണ് എന്‍റെ ബ്ലോഗിന് ഈ പേര് നല്‍കിയത് .

ഇളം പച്ച നിറത്തില്‍ നല്ല നാമ്പുകള്‍ മാത്രം പൂത്തിരുന്ന വിശാലമായ ആ മണ്ണിലേക്ക് ഇപ്പോള്‍ ഒന്ന് നോക്കിയാല്‍ എന്താണ് കാണുന്നത് ?

തഴച്ചു വളര്‍ന്നുകെണ്ടിരിക്കുന്ന പാഴ്ചെടികളും 
അവക്കിടയില്‍ മുരടിപ്പിക്കാന്‍ മാത്രമറിയാവുന്ന കുറെ കളകളും.

ഇവ രണ്ടും നല്ലതിനല്ല എന്ന് തിരിച്ചറിയുന്നവര്‍ 
സ്വന്തം പുരയിടത്തിന്‍റെ പിന്നാമ്പുറം എങ്കിലും ഒന്ന് ഉഴുതു മറിക്കാന്‍ ശ്രമിക്കണം .

ഭരണകൂടങ്ങളില്‍...
രാഷ്ട്രീയ പാര്‍ടികളില്‍...

മത സംഘടനകളില്‍...
പോലീസ് സേനയില്‍...

ഉദ്ദ്യോഗസ്ഥ വൃന്ദങ്ങളില്‍...
സവ്വ മേഖലകളിലും പാഴ്ചെടികളാണ് തലയുയര്‍ത്തി നില്‍ക്കുന്നത് .

എല്ലാമൊന്നു ഉഴുതുമറിച്ചുകൊണ്ട് ഈര്‍പ്പമുള്ള പുതുമണ്ണില്‍
നന്മയുടെ പുത്തന്‍ നാമ്പുകള്‍ പൊട്ടി മുളയ്ക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാമോ ?

(കലപ്പയുടെ ചിത്രം : കടപ്പാട് കേരള വെള്ളാളര്‍ ബ്ലോഗ്‌ )

എന്‍റെ മകന്‍

എന്‍റെ മകന്‍ ഗള്‍ഫില്‍ ഒരു ഓയില്‍ കമ്പനിയിലാണ് 
എന്‍റെ മകന്‍ ബംഗ്ലൂരില്‍ പഠിക്കുകയാണ് 
എന്‍റെ മകന്‍ ഹൈദരബാദില്‍ ഐ ടി കമ്പനിയില്‍ ആണ്
എന്‍റെ മകന്‍ ...
എന്‍റെ മകന്‍ ...

ഒരു നാള്‍ 
അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളക്കാരന്‍റെ വെടിയേറ്റ്‌ കിടക്കുന്ന 
തോക്കേന്തിയ ചെറുപ്പക്കാരന് എന്‍റെ മകന്‍റെ മുഖം ...
ദൈവമേ...

(ഇടത്തും വലത്തുമുള്ള സുഹൃത്തുക്കള്‍ എവിടെ എന്ത് ചെയ്യുന്നു എന്നുപോലും നമ്മളറിയുന്നില്ല..!
ഇതാണ് ആധുനികം, അത്യന്താധുനികം...)

24.12.10

അരുത്...

സി പി യെമ്മുകാരാ
ബി ജെ പിക്കാരാ
ഒരു നിമിഷം......

യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനെ ബസ്സില്‍ വെച്ചോ,
വീട്ടില്‍ നിന്നും വിളിച്ചിറക്കി മാതാപിതാക്കളുടെ മുന്നില്‍ വെച്ചോ,
കാടത്തമാര്‍ന്ന രീതിയില്‍ (ഈ വാക്ക് ഇവിടെ അനുയോജ്യമാണോ എന്നറിയില്ല, കാട്ടിലാരാ ഇങ്ങനെ ചെയ്യുന്നത് !)
വെട്ടിക്കൊലപ്പെടുത്തുന്നത് തന്‍റെ സംഘടനാ  പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണന്നു വിശ്വസിക്കുന്നവര്‍...
ജനകീയ അടിത്തറ വിപുലീകരിക്കലാണ്  ഉദ്ദേശ്യമെങ്കില്‍,
ലഭിക്കുന്ന ഫലം അതെല്ലന്ന ബോധ്യത്തിലേക്ക്
ഇങ്ങനെ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും തിരിച്ചുവരണം.

വലിയ വിഭാഗം അനുഭാവികളും സഹയാത്രികരും
മറ്റു പ്രദേശത്തെ പ്രവര്‍ത്തകരും ഇത് ഭീതിയോടെ മാത്രമേ നോക്കിക്കാനുന്നുള്ളൂ.

ഇരുകൂട്ടരുടെയും  നെറ്റിയില്‍ നിന്നുറ്റിവീഴുന്ന രക്തത്തുള്ളികള്‍ നക്കികുടിച്ചു,
കൌശലത്തോടെ  നോക്കി  പുഞ്ചിരിക്കുന്ന  അദൃശ്യരായ  കുറുനരികള്‍ ഉണ്ടെന്നു ഓര്‍ക്കുക ...
ഇനിയും അതിനു അവസരമുണ്ടാക്കാതിരിക്കുക.

സമൂഹം ഇന്ന്  അഭിമുഖരിക്കുന്ന ഒരു പ്രശ്നത്തിന്റെയും പരിഹാരത്തിനല്ല
നിങ്ങളീ ഊര്‍ജം ചെലവഴിക്കുന്നത് എന്ന് തിരിച്ചറിയണം.

ഈ കാരണംകൊണ്ട് ഇനി  ഒരമ്മയുടെയും കണ്ണീര്‍ വീഴാതിരിക്കട്ടെ.

പരസ്പരം കുറ്റപ്പെടുത്തലും പഴിചാരലുമല്ല... ഒറ്റയ്ക്കിരുന്നുള്ള ചിന്തനമാണ് ആവശ്യം.
തീരുമാനങ്ങള്‍ നേതാക്കളുടെതാകരുത്,
സാധാരണ പ്രവര്‍ത്തകരുടെ, സജീവ അനുഭാവികളുടെ, അവരുടെ കുടുംബങ്ങളുടെ...